Memoirs

മദ്യ ചരിതം ആട്ട കഥ …. ( കൊച്ചിൻ കോളേജ് )

കൊച്ചിൻ കോളേജിലെ ആണ്‍ കുട്ടികളുടെ ടോയ് ലെറ്റ്‌ പണ്ട് വളരെ നന്നായി പരിപാലിച്ചു വന്നിരുന്നു. അവിടെ കുട്ടികൾ മൂത്രം ഒഴിക്കാറില്ല എന്നത് തന്നെ ആയിരുന്നു അതിനു കാരണം .

പാണ്ടികുടിയിലെ ബാറിൽ നിന്നും മദ്യം വാങ്ങി ടോയ് ലെറ്റിൽ കൊണ്ട് വന്നായിരുന്നു വെള്ളമടി . അതിനു ശേഷം പുറത്തിറങ്ങി ബോട്ടണി വിഭാഗം കുട്ടികൾ മുറ്റത്ത് നട്ട ചെടിയുടെ ചുവട്ടിൽ മൂത്രം ഒഴിക്കും.ഇതൊരു പതിവ് ശീലം ആയിരുന്നു.

അങ്ങനെ ഒരു ദിവസം ബോട്ടണി വിഭാഗം അടിയന്തിര മീറ്റിംഗ് വിളിച്ചു കൂട്ടി , ‘ മുറ്റത്തെ മുല്ലയ്ക്ക്‌ മണമില്ല’ എന്നതായിരുന്നു വിഷയം. പല തരത്തിലുള്ള അഭിപ്രായങ്ങൾ മീറ്റിംഗിൽ ഉയർന്നു വന്നു ഒടുവിൽ ചെടികൾക്ക് ഇടുന്ന ‘യൂറിയ’ കുറഞ്ഞതാവാം പൂക്കൾക്ക് മണമില്ലാതെ ആവാനും ചെടികൾ കരിഞ്ഞു പോവാനും കാരണം എന്ന് പൊതു അഭിപ്രായം വന്നു.ഒരു കൂട്ടം ആളുകൾ മണ്ണ് പരിശോധിക്കാൻ ഇറങ്ങി .ചില ചെടികളുടെ താഴെ ധാരാളം ഉറുമ്പുകൾ ഉള്ളതായി ശ്രദ്ധയിൽ പെട്ടു.

സാമ്പിൾ എടുത്തു പരിശോധിച്ചപ്പോൾ മണ്ണിൽ പഞ്ചസാരയുടെ അളവ് കൂടുതൽ ആണെന്ന് കണ്ടെത്തി.( ഏതോ ഷുഗർ ഉള്ള വിദ്യാർഥി അതിനു കീഴിൽ മൂത്രം ഒഴിച്ചത് കൊണ്ടാണ് ഉറുമ്പുകൾ കൂടിയത് എന്ന് ഇവരുണ്ടോ അറിയുന്നു ). സൂക്ഷ്മ പരിശോധനയിൽ മണ്ണിൽ ‘ യൂറിയ ‘ കുറഞ്ഞതല്ല ‘യൂറിൻ ‘ കൂടിയതാണ് കാരണം എന്ന് കണ്ടെത്തി .ഇതെങ്ങനെ സംഭവിച്ചു എന്നറിയാൻ കോളേജ് പ്യൂണിനെ ഏൽപിച്ചു . പ്യൂണിൽ നിന്നും അവർ ആ ഞെട്ടിക്കുന്ന ‘ നഗ്ന ‘ സത്യം അറിഞ്ഞു.

പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു , ഒരു ദിവസം പുറത്തേക്ക് വെള്ളം കളയേണ്ട സ്ഥലത്തിരുന്നു അകത്തേക്ക് വെള്ളം ഒഴിച്ച് കൊണ്ടിരിക്കുമ്പോൾ ഒരു കൂട്ടം അധ്യാപകർ ഒളി സങ്കേതം റൈഡ് ചെയ്തു . തൊണ്ടി സഹിതം കുടിയന്മാരെ നിരത്തി നിർത്തി ചോദ്യം ചെയ്യൽ ആരംഭിച്ചു.മണവാട്ടി അടിച്ച ആളുകൾ തല കുമ്പിട്ടും , അല്ലാത്തവർ വെറുതെ തോലിചോണ്ടും നില്പ്പുണ്ട് . പാർട്ടി പ്രവർത്തനത്തിൽ ഏർപെട്ടിരുന്ന ഞാൻ ആരോ പറഞ്ഞു ഇതറിഞ്ഞു സംഭവ സ്ഥലത്ത് എത്തി അവരെ ജാമ്യത്തിൽ എടുത്തു.

സ്വന്തം ‘കുടി’ നഷ്ടപെട്ട അവർ അഭയാർഥികളെ പോലെ കോളേജ് ഗ്രൗണ്ടിൽ കാലികളെ പോലെ അലഞ്ഞു നടന്നു . ഇതിനിടയിൽ ഏതോ ഒരുത്തന്റെ മനസ്സിൽ ‘ഒരു ലഡ്ഡു പൊട്ടി ‘ .ആ ലഡ്ഡു അവൻ മറ്റുള്ളവരുമായി പങ്കു വച്ചു . ഇന്നലെ ടോയ് ലെറ്റിൽ തങ്ങളെ തടഞ്ഞു വച്ച പ്രിൻസിപ്പൽ നാരായണി കുട്ടി ടീച്ചറെ ഇന്നു അതെ വിദ്യാർഥികൾ കോളേജ് ഗ്രൗണ്ടിൽ തടഞ്ഞു വച്ചിരിക്കുന്നു . അവരുടെ ആവശ്യം ഇതായിരുന്നു . കോളേജ് ഗ്രൗണ്ടിലെ പുല്ലുകൾ വെട്ടി ഗ്രൗണ്ട് കളിക്കുവാൻ അനുയോജ്യം ആക്കുക.

‘ കാട് സ്വയം വെട്ടി തെളിച്ചോ , ഞാൻ കുടിക്കാൻ തണുത്തത്‌ എന്തേലും പ്യൂണ്‍ രമേശനോട് പറഞ്ഞു മേടിപിച്ചു തരാം ‘ എന്ന് പറഞ്ഞു പ്രിൻസിപ്പൾ തന്റെ നയം വ്യക്തമാക്കി .

അല്പം കഴിഞ്ഞു കുറച്ചു പുല്ലൊകെ പറിച്ചു കളഞ്ഞു . കൊയ്ത്തു കഴിഞ്ഞ കർഷകരെ പോലെ തങ്ങളുടെ വേലക്ക് കൂലി മേടിക്കാൻ അവർ അടിവച്ചടിവച്ചു ഓഫീസിലെത്തി . പ്രിൻസിപ്പൾ പ്യൂണ്‍ രമേഷിന്റെ കയ്യിൽ കാശ് കൊടുത്തിട്ട് സോഫ്റ്റ്‌ ഡ്രിങ്ക്സ് മേടിക്കാൻ പറഞ്ഞു.
അപ്പോൾ കൂട്ടത്തിൽ ഒരുവൻ

‘ അതെന്താ ടീച്ചറെ പുല്ല് പറിക്കാൻ ഞങ്ങളും , കാശ് മേടിക്കാൻ രമെഷനൊ ? ‘
പ്രിൻസിപ്പൾ – നിന്റെയൊക്കെ കയ്യിൽ കാശ് തന്നാൽ നീയൊക്കെ എന്ത് വെള്ളം മേടിക്കും എന്ന് എനിക്കറിയാം.
പിന്നെ ആരും ഒന്നും മിണ്ടിയില്ല .

രമേശൻ ഒരു കവർ നിറയെ പെപ്സി മേടിച്ചു കൊണ്ട് വന്നു അവർക്ക് കൊടുത്തു .

ഇനിയാണ് ട്വിസ്റ്റ്‌ .

പെപ്സി കിട്ടിയ ഉടനെ ഒരു കുപ്പി പെപ്സി ഒഴികെ ബാക്കി ഉള്ള പെപ്സി മുഴുവൻ മേടിച്ച കടയിൽ തന്നെ കൊടുത്തു കാശ് മേടിച്ചു നേരെ ബാറിൽ പോയി മദ്യം വാങ്ങി . എന്നിട്ട് പെപ്സി ഉണ്ടായിരുന്ന കുപ്പിയിലെ പെപ്സി കാലിയാക്കി അതിലേക്ക് ഒഴിച്ചു.

എന്നിട്ട് കോളേജിന്റെ കോമ്പൌണ്ടിൽ വട്ടം കൂടി ഇരുന്നു വെള്ളമടി തുടങ്ങി ,ഇന്നലെ വരെ രഹസ്യമായി കുടിച്ചിരുന്നവർ ഇന്നു പരസ്യമായി കുടി തുടങ്ങി. കാഴ്ച്ചകാർ കാണുന്നത് അവർ പെപ്സി ഗ്ലാസിൽ ഒഴിക്കുന്നു കുടിക്കുന്നു , വീണ്ടും ഒഴിക്കുന്നു കുടിക്കുന്നു.

ഒടുവിൽ കുടിയൊക്കെ കഴിഞ്ഞു എല്ലാവരും കൂടി വീണ്ടും പ്രിൻസിപ്പൾ ഓഫീസിലെത്തി നന്ദി പറഞ്ഞു . അവരുടെ ആട്ടം കണ്ടിട്ട് പ്രിൻസിപ്പൾ പ്യൂണ്‍ രമേശിനോട് ‘ അല്ല രമേശ ഈ പെപ്സി കുടിച്ചാലും ആടും അല്ലേ ??????? ‘ .

 

—————————-

ധീരാ വീരാ നേതാവേ , ധീരതയോടെ നയിച്ചോളൂ …… ( രാഷ്ടീയ ബാല പാഠം )

( കോളേജ് ഡേയ്സ് )

ഇതു ഞാൻ കോളേജിൽ സെക്കന്റ്‌ ഇയർ പഠിക്കുമ്പോൾ നടന്ന ഒരു സംഭവം ആയിരുന്നു.ഒന്നാം വർഷം ഞാൻ കെ എസ് യു അനുഭാവി മാത്രം ആയിരുന്നു . പിന്നീട് രണ്ടാം വർഷമാണ്‌ മുഴുവൻ സമയ പ്രവർത്തനം തുടങ്ങിയത് . അത് കൊണ്ട് ‘അടവ് നയങ്ങൾ ‘ അല്പമൊക്കെ നേടി കഴിഞ്ഞിരുന്നു .എന്റെ ജൂനിയർ ആയി വന്ന തർഷൂമും , അസിഫുമൊക്കെ കെ എസ് യു പ്രവർത്തകർ അനുഭാവി ആയി തന്നെ തുടങ്ങി.

അങ്ങനെ ഒരു ദിവസം കോളേജിൽ പോലീസ് കയറിയതിൽ പ്രതിഷേധിച്ചു , പനയപ്പിള്ളി പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു .ഞാൻ , ശൈസൽ , സുദർശൻ , ജബീർ , ഷഹീർ , സനൂബ് ഇവരൊക്കെ മുന്നിൽ തന്നെ ഉണ്ട് സ്റ്റേഷൻ ഉപരോധിക്കാൻ പോവുന്ന ത്രില്ലിൽ ആയിരുന്നു ഞങ്ങൾ.മാത്രമല്ല നമ്മുടെ സ്വന്തം നാടല്ലേ ആളുകളൊക്കെ കാണുകയും ആവുമല്ലോ .

ഇതിനിടെ ആരോ വന്നു പറഞ്ഞു , പനയപ്പിള്ളിയിൽ ബസോക്കെ വഴി തിരിച്ചു വിടുന്നെന്നു മാത്രമല്ല ഉപരോധം ചെറുക്കാൻ വൻ പോലീസ് സേനയും തയ്യാറായി കഴിഞ്ഞു എന്നറിഞ്ഞപ്പോൾ ജൂനിയർ കുട്ടികളുടെ ഗ്യാസ് പോയി .പക്ഷേ ഞങ്ങൾ അവർക്ക് ആവേശം പകർന്നു കൊടുത്തു.ഞങ്ങളെ വിശ്വസിച്ചു അവർ കൂടെ നിന്നു .

‘ മുമ്പേ ഗമിച്ചീടിന ഗോവ് തന്റെ
പിമ്പേ ഗമിച്ചിടും ബഹു ഗോക്കളെല്ലാം ‘ എന്ന പഴംചൊല്ല് അന്വർഥമാക്കുന്ന രീതിയിൽ മുമ്പിൽ പോവുന്ന ജില്ലാ നേതാക്കളുടെ പിന്നാലെ വൻ പ്രകടനമായി ഞങ്ങൾ പുറപ്പെട്ടു. അവർ പറയുന്ന മുദ്രാവാക്യവും ഏറ്റു പറയണം എന്നും പറഞ്ഞിരുന്നു.

ഇടക്ക് ബാക്കിൽ നിന്നും മുദ്രാവാക്യം ശരിക്കും കേൾകാത്ത കുട്ടികൾ.

‘ ആ പറഞ്ഞത് ആ പറഞ്ഞത്’ എന്ന് ഏറ്റു വിളിച്ചിരുന്നു

മാത്രമല്ല ‘പോളിംഗ് ബൂത്തിൽ ചിഹ്നം പലതും കണ്ടപ്പോൾ’ എന്ന് വിളിച്ചപ്പോൾ ‘ ചിങ്ങം പഴം കണ്ടപ്പോൾ എന്ന് വിളിച്ചത് കൂട്ട ചിരി ഉണർത്തി .

ഞങ്ങൾ നടന്നു പറവാന ഫേഡറൽ ബാങ്കിന്റെ മുമ്പിൽ എത്തിയപ്പോൾ അതാ നില്ക്കുന്നു ചൈനയിലെ വൻ മതിൽ പോലെ . ലാത്തിയും , ചൂരൽ ഷീൽഡും കൊണ്ട് വലിയ ഒരു നിര പോലീസ് . ഇതു കണ്ടതും ഞങ്ങളുടെ പകുതി ഗ്യാസ് ബാക്കി ഉണ്ടായിരുന്നത് കൂടി പോയി കിട്ടി . ഞങ്ങൾ സീനിയർ വിദ്യാർഥികൾ പതിയെ പ്രകടനത്തിന്റെ ബാക്കിലേക്ക്‌ വലിഞ്ഞു ബാങ്കിന്റെ മുമ്പിൽ ഉള്ള വഴിയിലേക്ക് ഓടി രക്ഷപെട്ടു . ഞങ്ങൾ ഓടുന്ന കണ്ട കുറെ അധികം പേർ ഞങ്ങളോടൊപ്പം കൂടെ ഓടി.പ്രകടനം കൂട്ട ഓട്ടത്തിലേക്ക് വഴി മാറി.

ഇതേ സമയം തർഷൂം ഇതൊന്നും അറിയാതെ ആവേശത്തോടെ മുന്നിലേക്ക് കൊടിയും പിടിച്ചു നടക്കുന്നുണ്ടായിരുന്നു .

സ്റ്റേഷൻ എത്തുന്നതിനു മുമ്പേ പോലീസ് പ്രകടനം തടഞ്ഞു. ഉന്തും തള്ളുമായി ആകെ പാടെ ബഹളം .കുറച്ചു കഴിഞ്ഞു നേതാക്കൾ അകത്തു കയറി ചർച്ച ആരംഭിച്ചു ഇതേ സമയം തർഷൂം കൂടെ ഉണ്ടായിരുന്നവർ പാൽ പൊടി പോലേ അപ്രത്തെ ജങ്ങ്ഷനിൽ ( അപ്രത്യക്ഷർ ) ആയി എന്ന ദുഃഖ സത്യം തിരിച്ചറിഞ്ഞു.

ഇനി പോലീസ് കോളേജിൽ കയറില്ല എന്നും , കയറിയതിനു ക്ഷമ പറഞ്ഞെന്നും അതിനാൽ
ഉപരോധം അവസാനിപ്പിച്ചേന്നും നേതാക്കൾ പറഞ്ഞു. പക്ഷേ പാതി വഴിയിൽ ഉപേക്ഷിച്ചു പോയ ഞങ്ങളോട് ക്ഷമിക്കാൻ തർഷൂമിനു കഴിഞ്ഞില്ല.

അവൻ പിറ്റേ ദിവസം തന്നെ പാർട്ടി മാറി അതിനു ശേഷം യശ്വന്ത് സഹായി ഇടപ്പെടത്തിന്റെ പിറ്റേ ദിവസം വീണ്ടും പാർട്ടിയിൽ തിരിച്ചെത്തി രാഷ്ട്രീയ മേഖലയിൽ തന്റെ ചുവടുറപ്പിച്ചു.അങ്ങനെ രാഷ്ടീയ ബാല പാടമായ കാലുമാറൽ , കുതികാൽ വെട്ട് , മുന്നണി വിടൽ എന്നിവ അവൻ ഒറ്റ ദിവസം കൊണ്ട് പഠിച്ചെടുത്തു . പിന്നീട് വന്ന കുട്ടികൾക്ക് അവൻ അത് പകർന്നു കൊടുക്കുക കൂടി ചെയ്തു തന്റെ കർത്തവ്യം നിറവേറ്റി .